വേൾഡ്മലയാളി കൗൺസിൽ , ഹ്യൂസ്റ്റൻ ഓണം ആഘോഷിച്ചു.
ആഗസ്റ്റ് 19 ത് ശനിയാഴ്ച വേൾഡ് മലയാളി കൗൺസിൽ , ഹ്യൂസ്റ്റൺ പ്രൗഢഗംഭീരമായി ഓണമാഘോഷിച്ചു. വൈകിട്ട് 6.30 ന് മൗനപ്രാർത്ഥനയോടെ ആരംഭിച്ച ഓണാഘോഷത്തിൽ ലക്ഷ്മി മ്യൂസിക് അക്കാദമിയിലെ കുരുന്നുകളുടെ ശ്രവണസുന്ദരമായ ഗാനാലാപനം ആയിരുന്നു അടുത്ത ഇനം. തുടർന്ന് ചെയർമാൻ ജേക്കബ് കുടശ്ശനാട് സ്വാഗതമാശംസിച്ചു. അതുകഴിഞ്ഞുള്ള പ്രസിഡൻറ് എസ്.കെ.ചെറിയൻറെ പ്രസംഗത്തിൽ വേൾഡ് മലയാളീ കൗൺസിലിൻറെ ഉത്‌ഭവം മുതലുള്ള കാര്യങ്ങൾ ആഡിറ്റോറിയം നിറഞ്ഞുകവിഞ്ഞ സദസ്യർക്കായി ചുരുക്കത്തിൽ വിശദീകരിച്ചു. അതേത്തുടർന്ന് അജിനായരുടെ നേതൃത്വത്തിൽ ശ്രുതിമധുരമായ ചെണ്ടമേളത്തോടെ മാവേലിയുടെ എഴുന്നള്ളത്തായി.
വിശിഷ്ടാതിഥികളും ഭാരവാഹികളും ചേർന്ന് നിലവിളക്ക് തെളിയിച്ചു പരിപാടിയുടെ ഔപചാരിക ഉത്‌ഘാടനം ചെയ്തശേഷം മുഖ്യാതിഥി ശശിധരൻനായർ ഓണസന്ദേശം നൽകി .
മലയാളി അസോസിയേഷൻ ഓഫ് ഗേറ്റർ ഹ്യൂസ്റ്റൻ പ്രസിഡൻറ് തോമസ് ചെറുകര , സ്റ്റാഫോർഡ് സിറ്റി കൗൺസിൽമാൻ കെൻ മാത്യു ,വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ പ്രസിഡൻറ് പി .സി .മാത്യു ,മലയാളി പ്രസ് കൗൺസിൽ പ്രസിഡൻറ് എ സി ജോർജ് , പ്രവാസി ന്യൂസ് എഡിറ്റർ ബ്ലെസൻ ഹ്യൂസ്റ്റൻ , മാധ്യമ പ്രവർത്തകൻ ജീമോൻ റാന്നി ,വോയിസ് ഓഫ് ഏഷ്യ പബ്ലിഷർ കോശി തോമസ് തുടങ്ങിയവർ ആശംസ പ്രസംഗങ്ങൾ നടത്തി .
സുഗു ഫിലിപ്പ് ,ലക്ഷ്മി എന്നിവരുടെ ശ്രവണസുന്ദരമായ ഗാനാലാപനങ്ങളും ,ലക്ഷ്മി ഡാൻസ് അക്കാദമിയിലെ കുട്ടികളുടെ നൃത്തവും ,സുശീലൻ വർക്കലയുടെ മിമിക്രിയും എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ടവയായിരുന്നു . തുടർന്ന് കേരളത്തിൽ നിന്നെത്തിയ സാമൂഹീകപ്രവർത്തകയായ ഡോ. എം എസ് സുനിലിനെ ശ്രീമതി പൊന്നുപിള്ള പൊന്നാടയണിയിച്ചു.
പ്രോഗ്രാം കോ ഓർഡിനേറ്റർ ജെയിംസ് കൂടലിൻറെ നന്ദി പ്രകാശത്തിനുശേഷം അതിഗംഭീരവും ആസ്വാദ്യവുമായ ഓണസദ്യയോടെ പരിപാടികൾക്കു തിരശീല വീണു. ലക്ഷ്മി ഡാൻസ് അക്കാദമിയുടെ
പ്രൊപ്രൈറ്റർ ലക്ഷ്മിയായിരുന്നു അവതാരക .
ഗ്രേറ്റർ ഹ്യൂസ്റ്റൻ ഏരിയായിലുള്ള വേൾഡ് മലയാളി കൗൺസിൽഅഭ്യുദയകാംഷികളുടെ സഹായസഹകരണങ്ങളാണ് ഈ പരിപാടി ഗംഭീരമാക്കിയത് .





